ബദിയടുക്ക: ഗവ. മെഡിക്കൽ കോളജിനോടനുബന്ധിച്ച നഴ്സിംഗ് കോളജിലെ വിദ്യാർഥികൾ ഹോസ്റ്റലിനായി അനിശ്ചിതകാല രാപ്പകൽ സമരം തുടങ്ങി. മെഡിക്കൽ കോളജിനായി നിർമിച്ച പുതിയ ഹോസ്റ്റൽ ഈ മാസം പകുതിയോടെ മെഡിക്കൽ വിദ്യാർഥികൾക്കായി തുറന്നുകൊടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. നഴ്സിംഗ് വിദ്യാർഥികൾക്കു കൂടി ഇവിടെ താമസസൗകര്യം അനുവദിക്കണമെന്ന ആവശ്യപ്പെട്ടാണ് സമരം.
മൂന്നുവർഷമായി കോളജ് കാമ്പസിനു പുറത്തുള്ള സ്വകാര്യ കെട്ടിടങ്ങളിലാണ് നഴ്സിംഗ് വിദ്യാർഥികൾ താമസിക്കുന്നത്. മെച്ചപ്പെട്ട സൗകര്യങ്ങളുള്ള കെട്ടിടങ്ങൾക്ക് ഭീമമായ വാടക നൽകേണ്ട അവസ്ഥയാണ്. മാസാമാസം അത്രയും തുക ചെലവഴിക്കാൻ വഴിയില്ലാത്തവർ അടിസ്ഥാനസൗകര്യങ്ങളോ സുരക്ഷിതത്വമോ ഇല്ലാത്ത കെട്ടിടങ്ങളിൽ കഴിയേണ്ട അവസ്ഥയാണ്.
നഴ്സിംഗ് കോളജിന് സ്വന്തമായി കെട്ടിടവും മറ്റു സൗകര്യങ്ങളും ഒരുങ്ങുന്നതുവരെ മെഡിക്കൽ കോളജിന്റെ സംവിധാനങ്ങൾ ഉപയോഗിക്കാൻ അനുവദിക്കുമെന്ന് നേരത്തേ ആരോഗ്യവകുപ്പ് അധികൃതർ ഉറപ്പുനൽകിയിരുന്നു. മെഡിക്കൽ കോളജിന്റെ കെട്ടിടത്തിലാണ് ഇപ്പോൾ നഴ്സിംഗ് കോളജിന്റെ ക്ലാസുകളുൾപ്പെടെ നടത്തുന്നത്. ഈ സാഹചര്യത്തിൽ ഹോസ്റ്റൽ സൗകര്യം നിഷേധിക്കുന്നത് വിവേചനപരമാണെന്ന് വിദ്യാർഥികൾ പറയുന്നു.
പുതിയ കെട്ടിടത്തിൽ 500ലധികം വിദ്യാർഥികൾക്ക് താമസിക്കാൻ സൗകര്യമുണ്ട്. മെഡിക്കൽ കോളജിൽ ആകെ 50 വിദ്യാർഥികൾ മാത്രമാണ് ഇപ്പോഴുള്ളത്. ഈ വർഷം 50 പേർ കൂടി വന്നാലും നഴ്സിംഗ് വിദ്യാർഥികൾക്ക് താമസിക്കാൻ ഇവിടെ ഇടമുണ്ടാകുമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ആവശ്യം അംഗീകരിക്കുന്നതുവരെ മെഡിക്കൽ കോളജിന്റെ പ്രവേശനകേന്ദ്രത്തിനു മുന്നിൽ രാപ്പകൽ സമരം നടത്താനാണ് അവരുടെ തീരുമാനം.